റാഗി കേക്ക് - പോഷക സമ്പന്നമായൊരു കേക്ക് ഓവൻ ഇല്ലാതെ


നമ്മുടെ ശരീരത്തിന് വളരെ ആരോഗ്യകരമായ ധാന്യമാണ് റാഗി. നമ്മുടെ ഇന്ത്യയിൽ ഇത് ധാരാളമായി കൃഷി ചെയ്ത് വരുന്നുണ്ട്. ഒരുപാട് നാരുകൾ അടങ്ങിയ ധാന്യമാണ് റാഗി. മാത്രമല്ല, പ്രമേഹ രോഗികൾക്ക് ഇത് വളരെ ഉപയോഗപ്രദവുമാണ്. കുഞ്ഞുങ്ങൾക്ക് ഇത് ഒരു പ്രധാന ഭക്ഷണമാണ്. നമ്മുടെ ഇന്ത്യയിലെ ഒരു വയസ്സ് മുതൽ നാലു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പ്രധാന ഭക്ഷണം റാഗി കൊണ്ടുള്ള കുറുക്ക് ആണ്. 
റാഗി കേക്ക് വളരെ ആരോഗ്യകരവും തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്. പ്രധാനമായും നമ്മൾ കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് മൈദ ആണല്ലോ. മൈദ നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ വല്ലപ്പോഴും മധുരം കഴിക്കാൻ തോന്നുന്നുവെങ്കിൽ മടിച്ചു നിൽക്കാതെ ധൈര്യമായി ഈ ഒരു റാഗി കേക്ക് ഉണ്ടാക്കിക്കോളൂ.

ആവശ്യമായ സാധനങ്ങൾ 

റാഗി പൊടി - 3/4 കപ്പ് 
ഗോതമ്പ് പൊടി - 1/4 കപ്പ് 
കൊക്കോപ്പൊടി (നിർബന്ധമില്ല) - 2 ടേബിൾ സ്പൂൺ 
ശർക്കരപ്പാനി - 3/4 കപ്പ് 
ബേക്കിംഗ് പൗഡർ - 1/2 ടീ സ്പൂൺ 
ബേക്കിംഗ് സോഡ - 1/4 ടീ സ്പൂൺ
സൺഫ്ലവർ ഓയിൽ / ഒലിവ് ഓയിൽ - 1/4 കപ്പ് 
മുട്ട - 1 

തയ്യാറാക്കുന്ന രീതി 

  • ഒരു അരിപ്പ എടുത്ത് അതിൽ റാഗി പൊടി ചേർക്കുക. 
  • അതിനുശേഷം ഗോതമ്പ് പൊടിയും കൊക്കോപ്പൊടിയും ചേർക്കുക. 
  • ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ചേർക്കുക. 
  • എന്നിട്ട് ഇവ പാത്രത്തിലേക്ക് അരിച്ചെടുക്കുക. 
  • ഇത് രണ്ടോ മൂന്നോ തവണ അരിച്ചെടുക്കാം. 
  • മറ്റൊരു പാത്രത്തിലേക്ക് ഒരു മുട്ട ചേർക്കുക. 
  • ഒരു ഇലക്ട്രിക് ബീറ്ററോ അല്ലെങ്കിൽ ഫോർക് കൊണ്ടോ മുട്ട നന്നായി അടിച്ചെടുക്കുക. 
  • മുട്ട അടിക്കുമ്പോൾ, പൊടിച്ച പഞ്ചസാര ഇടയ്ക്കിടെ ചേർത്തു കൊടുക്കുക. 
  • മുട്ട പതഞ്ഞു വന്നതിനു ശേഷം സൺഫ്ലവർ ഓയിൽ ഇതിലേക്ക് ചേർത്ത് 20 - 30 സെക്കൻഡ് വീണ്ടും അടിക്കുക. 
  • അതിനുശേഷം മുട്ടയിലേക്ക് മാവ് ചേർത്ത് ഒരു സ്പാറ്റുല ഉപയോഗിച്ച് സാവധാനം ഇളക്കുക. 
  • ഇത് സാവധാനം ഇളക്കണം അല്ലെങ്കിൽ കേക്ക് കട്ടി ആയി വരും. 
  • ഒരു പാൻ എടുത്ത് ചട്ടിയിൽ എണ്ണ ഇട്ടു രണ്ട് മൂന്ന് മിനിറ്റ് ചൂടാക്കുക. 
  • ബേക്കിംഗ് സമയത്ത് പാനിനടിയിൽ ഒരു പരന്ന പ്ലേറ്റ് വയ്ക്കുക. 
  • എന്നിട്ട് പാനിലേക്ക് കേക്കിന്റെ മാവ് ഒഴിക്കുക. കേക്കിന്റെ ഉള്ളിലെ അധികമായിട്ടുള്ള വായു കുമിളകൾ നീക്കംചെയ്യാൻ പാൻ തറയിൽ ഒന്ന് തട്ടുക. 
  • പാൻ അടച്ചതിനു ശേഷം കുറഞ്ഞ ചൂടിൽ 15 മിനിറ്റ് ചുട്ടെടുക്കുക. 
  • 15 മിനിറ്റിനു ശേഷം കേക്കിൽ ഒരു സ്റ്റിക്ക് വച്ചു കേക്ക് വെന്തു വന്നോ എന്ന് പരിശോധിക്കുക. സ്റ്റിക്കിൽ കേക്കിന്റെ അംശങ്ങൾ ഒന്നുമില്ലെങ്കിൽ നമ്മുടെ കേക്ക് കറക്ട് ആയി വന്നിട്ടുണ്ട്. 
  • കേക്ക് തണുത്തതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം കേക്ക് നമുക്ക് കഴിക്കാം.


തീർച്ചയായിട്ടും എല്ലാവര്ക്കും ഈ കേക്ക് ഇഷ്ടപ്പെടും. റാഗി കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്കും ഇത് കേക്ക് രൂപത്തിൽ കൊടുത്താൽ വളരെ ഇഷ്ടപ്പെടും.

Comments