ട്രെസ് ലെച്ചെസ് മിൽക്ക് കേക്ക് അല്ലെങ്കിൽ മലായി കേക്ക്
മിൽക്ക് കേക്ക് അല്ലെങ്കിൽ ട്രെസ് ലെച്ചെസ് മിൽക്ക് കേക്ക് അതുമല്ലെങ്കിൽ മലായി കേക്ക് ഒരു പരമ്പരാഗത മെക്സിക്കൻ ഡെസ്സേർട്ട് ആണ്. വളരെ മൃദുലവും കഴിക്കാൻ അതിലേറെ രുചികരവുമാണ് ഈ കേക്ക്.
ഈ കേക്ക് ഒറ്റ തവണ കഴിച്ചു കഴിഞ്ഞാൽ തന്നെ നിങ്ങൾ അതിന്റെ ആരാധകനാകും എന്ന കാര്യം ഉറപ്പാണ്. ഇപ്പോൾ ഈ കേക്ക് ലോകത്തെല്ലായിടത്തും ട്രെൻഡ് ആണ്. വിരുന്നുകൾക്കും പെരുന്നാൾ ക്രിസ്മസ് പോലുള്ള വിശേഷ ദിവസങ്ങളിലും ഈ കേക്ക് ഇന്ന് തരമാണ്.
ആവശ്യമായ സാധനങ്ങൾ
മുട്ട - 3പഞ്ചസാര - 1/4 കപ്പ്
വാനില എസ്സെൻസ് - 1 ടീ സ്പൂൺ
മൈദ - 1/3 കപ്പ്
ബേക്കിംഗ് പൗഡർ - 1 ടീ സ്പൂൺ
പിസ്ത - അലങ്കാരത്തിന്
റോസ് ദളങ്ങൾ - അലങ്കാരത്തിന്
മലായ് തയ്യാറാക്കാൻ
പാൽ - 1 കപ്പ്കണ്ടൻസ്ഡ് മിൽക്ക് (മിൽക്ക് മെയ്ഡ്) - 1 കപ്പ്
ഫ്രഷ് ക്രീം / ഹെവി ക്രീം - 1 കപ്പ്
തയ്യാറാക്കുന്ന രീതി
- ഒരു പാത്രത്തിൽ 3 മുട്ട വെള്ള ചേർക്കുക.
- ഒരു ഇലക്ട്രിക് ബീറ്ററോ ഹാൻഡ് വിസ്‌ക്കോ ഉപയോഗിച്ച് ഇത് നന്നായി അടിക്കുക.
- ഇടയ്ക്കിടെ പഞ്ചസാര ചേർത്ത് അടിക്കുക.
- മുട്ട നന്നായി പതഞ്ഞു വന്നിട്ട് മുട്ടയുടെ മഞ്ഞക്കരു ഓരോന്നായി ചേർത്ത് വീണ്ടും അടിക്കുക.
- അതിനുശേഷം വാനില എസ്സെൻസ് ചേർത്ത് വീണ്ടും അടിക്കുക.
- അതിനുശേഷം മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് ഒരു സ്പാറ്റുല ഉപയോഗിച്ച് പതുക്കെ ഇളക്കുക.
- കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രത്തിലും മറ്റ് പാത്രങ്ങളിലും വെള്ളത്തുള്ളികളില്ലെന്ന് ഉറപ്പുവരുത്തുക. ഇത് നമ്മുടെ മാവിന്റെ അളവ് മാറ്റുകയും കൂടാതെ കേക്ക് വൃത്തിയിൽ കിട്ടുകയും ചെയ്യില്ല.
- മാവ് ഒരു കേക്ക് ടിന്നിലേക്ക് ഒഴിച്ച് നിലത്ത് കേക്ക് ടിൻ ടാപ്പുചെയ്യുക. മാവിൽ നിറഞ്ഞിരിക്കുന്ന അധികമുള്ള വായു കുമിളകൾ നീക്കം ചെയ്യാനാണിത്.
- ഒരു വലിയ ചട്ടിയിൽ ഒരു ചെറിയ സ്റ്റാൻഡ് വയ്ക്കുക, പാൻ മൂടി 10 മിനിറ്റ് കുറഞ്ഞ ചൂടിൽ ചൂടാക്കുക.
- കേക്ക് ടിൻ എടുത്ത് ഈ സ്റ്റാൻഡിൽ വെക്കുക.
- മൂടി വച്ചതിന് ശേഷം കുറഞ്ഞ ചൂടിൽ 15 - 20 മിനിറ്റ് വേവിക്കുക.
- 15 മിനിറ്റിനു ശേഷം, ഒരു ടൂത്ത്പിക്ക് ഉപയോഗിച്ചു കേക്ക് വെന്ത് വന്നോ എന്ന് പരിശോധിക്കുക.
- കേക്ക് വെന്തു വന്നാൽ ഇത് മറ്റൊരു പാത്രത്തിലേക്കു മാറ്റാം.
- ഇനി ഒരു ഫോർക്കോ അല്ലെങ്കിൽ ടൂത്ത്പിക്കോ എടുത്ത് കേക്കിൽ കുഞ്ഞു കുഞ്ഞു ദ്വാരം ഉണ്ടാക്കുക.
- ഈ കേക്കിൽ 1 കപ്പ് മലായ് ഒഴിക്കുക.
- ടൂത്ത്പിക്ക് ഉപയോഗിച്ച് കുത്തിയതിനാൽ ഈ മലായ് കേക്കിന്റെ ഉള്ളിൽ പെട്ടെന്ന് വ്യാപിക്കും.
- ശേഷം ഈ കേക്കും ബാക്കി മലായിയും ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
- നിങ്ങൾക്ക് ഇത് ചൂടായി കഴിക്കാനാണ് ഇഷ്ടമെങ്കിൽ ഉടൻ തന്നെ ഉപയോഗിക്കാം. തണുത്തതിന് ശേഷം കഴിക്കുന്നതാണ് കൂടുതൽ രുചികാരം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
- ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം കേക്കിന് മുകളിൽ ബാക്കിയുള്ള മലായ് ഒഴിക്കുക. അതിനുശേഷം ഈ കേക്ക് പിസ്തയും റോസ് ദളങ്ങൾ കൊണ്ടും അലങ്കരിക്കാം.
മലായ് എങ്ങനെ ഉണ്ടാക്കാം
- ആദ്യം പാൽ തിളപ്പിക്കുക.
- ശേഷം ഇതിലേക്ക് മിൽക്ക് മെയിഡും ഫ്രഷ് ക്രീമും ചേർത്ത് ഇളക്കുക.
ഈ മലായ് കേക്ക് നിങ്ങൾ തീർച്ചയായും ഇഷ്ടപ്പെടും. എല്ലാവരും നിങ്ങളുടെ വീട്ടിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.



Comments
Post a Comment